Teaching practice Second Phase (first Week)
27/10/2025 _ 31/10/2025
2024 _ 2026 അധ്യയന വർഷത്തിലെ ബി. എഡ് പാഠ്യപദ്ധതിയുടെ ഭാഗമായി ഉള്ള രണ്ടാം ഘട്ട അധ്യാപന പരിശീലനം 2025 ഒക്ടോബർ 27 തിങ്കളാഴ്ച മുതൽ ആരംഭിച്ചു.സെന്റ്. തോമസ് എച്ച്. എസ്. എസ് കടമ്പനാട് സ്കൂളിലാണ് എനിക്ക് അധ്യാപന പരിശീലനത്തിനുള്ള അവസരം ലഭിച്ചത്. ഈയാഴ്ച തികച്ചും മികച്ചതായിരുന്നു. നിരവധി ക്ലാസുകൾ ഞാൻ കൈകാര്യം ചെയ്തു.വിദ്യാർത്ഥികളുമായി ഇടപെടുമ്പോൾ കിട്ടിയ ആത്മവിശ്വാസം, അവരുടെ ചോദ്യങ്ങൾക്കും, ചിരികൾക്കും മറുപടി നൽകുമ്പോൾ അനുഭവപ്പെട്ട സന്തോഷം എല്ലാം തന്നെ ഒരു അധ്യാപികയുടെ വളർച്ചയുടെ അടിത്തറ ആണെന്ന് മനസ്സിലാക്കാൻ ഈ ആഴ്ചയിലൂടെ സാധിച്ചു. വിദ്യാർത്ഥികളിൽ പഠനമനോഭാവം വളർത്താനും, സഹാനുഭൂതി പകരുവാനും, ഓരോ കുട്ടികളുടെയും വ്യത്യസ്തത മനസ്സിലാക്കാനും സാധിച്ചു.ഓരോ ദിവസവും പുതിയൊരു പാഠമായിരുന്നു. ദൈനംദിനപാഠാസൂത്രണം തയ്യാറാക്കുമ്പോൾ എങ്ങനെ ആ പാഠത്തെ ആകർഷകമാക്കാം, എങ്ങനെ വിദ്യാർഥികളുടെ പങ്കാളിത്തം വർദ്ധിപ്പിക്കാം എന്നതിനെക്കുറിച്ച് ഞാൻ കൂടുതൽ ആലോചിച്ചു. കുട്ടികളുമായി ചെലവഴിച്ച ഓരോ നിമിഷവും എനിക്ക് പുതിയൊരു അനുഭവം തന്നെയാണ് സമ്മാനിച്ചത്.എട്ടാം ക്ലാസ്സിൽ ' മൊഴിമുത്തുകൾ ' എന്ന യൂണിറ്റ് ആരംഭിച്ചു. അഞ്ച് കവിതകളാൽ നിറഞ്ഞു നിൽക്കുന്ന പാഠത്തിലേക്ക് കടക്കുന്നതിനു മുൻപ് തന്നെ കുട്ടികളെ കവിത എന്ന സാഹിത്യ രൂപത്തെ മുൻക്കൂർ സംഘാടന മാതൃകയിലൂടെ പഠിപ്പിച്ചു. ശേഷമാണ് പാഠഭാഗത്തിലെ ഓരോ കവിതകളെയും പരിചയപ്പെടുത്തിയത്.ഓരോ കവിത പഠിപ്പിച്ചിട്ട് അതുമായി ബന്ധപ്പെട്ട പഠനപ്രവർത്തനങ്ങളും കൃത്യമായി ചെയ്യിപ്പിച്ചാണ് പോയത്.ഒൻപതാം ക്ലാസ്സിൽ പുതിയ പാഠഭാഗമായ'തഥാഗത ' പഠിപ്പിച്ചു തുടങ്ങി. അമ്മയും മകളും തമ്മിലുള്ള ആത്മബന്ധത്തെ അടയാളപ്പെടുത്തുന്ന കഥ പഠിക്കാൻ എല്ലാ കുട്ടികളും ആകാംക്ഷയോട് കൂടിയാണ് ക്ലാസ്സിലിരുന്നത്. 29/10/2025 ബുധനാഴ്ച വിദ്യാഭ്യാസ ബന്ദ് ആയതിനാൽ അവധി ആയിരുന്നു.ഒരു നല്ല അധ്യാപിക ആവാനുള്ള ഗുണങ്ങൾ പുസ്തകത്തിൽ മാത്രമുള്ളതല്ലെന്ന് ഞാൻ മനസ്സിൽ ആക്കി.ഇനി വരുന്ന ദിവസങ്ങളിൽ കൂടുതൽ ആത്മവിശ്വാസത്തോടെയും, ഉത്സാഹത്തോടെയും ക്ലാസുകൾ എടുക്കുവാനും, കൈകാര്യം ചെയ്യുവാനും എനിക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു..
Comments
Post a Comment