Teaching Practice Second Phase Weekly Report (Seventh Week )
19/01/2026 - 23/1/2026
രണ്ടാംഘട്ട അധ്യാപന പരിശീലനം എന്റെ അധ്യാപക ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട അനുഭവങ്ങളിലൊന്നായി മാറി. ഓരോ ദിവസവും കൃത്യസമയത്ത് സ്കൂളിൽ എത്തി, ഹെഡ്മാസ്റ്ററെ കണ്ട ശേഷം ഹാജർ ബുക്കിൽ ഒപ്പുവെച്ച്, സ്കൂളിന്റെ ദിനചര്യയിൽ സജീവമായി പങ്കാളിയായാണ് ഈ പരിശീലനകാലം ഞാൻ പൂർത്തീകരിച്ചത്. കുട്ടികൾക്കുള്ള പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും വിതരണം ചെയ്യുന്ന പ്രവർത്തനങ്ങളിൽ പങ്കെടുത്തത്, സ്കൂൾ എന്നത് പഠനത്തിനൊപ്പം സഹവർത്തിത്വവും സാമൂഹിക ഉത്തരവാദിത്വവും വളർത്തുന്ന ഇടമാണെന്ന ബോധ്യം കൂടുതൽ ശക്തമാക്കി.
ഈ പരിശീലന കാലയളവിൽ എട്ടാം ക്ലാസ്സിലും ഒൻപതാം ക്ലാസ്സിലും മലയാളം അധ്യാപന പ്രവർത്തനങ്ങൾ നടത്താൻ എനിക്ക് അവസരം ലഭിച്ചു. 'കൃഷി 'എന്ന കവിതയും 'കപ്പവാട്ടിന്റെ കഥ 'പോലുള്ള പാഠഭാഗങ്ങളും പഠിപ്പിക്കുമ്പോൾ, കുട്ടികളുടെ മുൻ അറിവ് ഉണർത്തി, ജീവിതാനുഭവങ്ങളുമായി ബന്ധപ്പെടുത്തി ക്ലാസ് കൈകാര്യം ചെയ്യാൻ ഞാൻ ശ്രമിച്ചു. ഒരേ പാഠഭാഗം വ്യത്യസ്ത ക്ലാസ്സുകളിൽ പഠിപ്പിക്കുമ്പോൾ കുട്ടികളുടെ പ്രതികരണങ്ങളിലും പഠന വേഗതയിലും വ്യത്യാസങ്ങൾ ഉണ്ടാകുന്നുവെന്ന് അനുഭവപ്പെട്ടു. ഇത് ബോധന രീതിയും, സമീപനവും ക്ലാസ് അനുസരിച്ച് മാറ്റേണ്ടതിന്റെ ആവശ്യകത എന്നെ ബോധ്യപ്പെടുത്തി.
ഒൻപതാം ക്ലാസ്സിൽ 19/1/2026 തിങ്കളാഴ്ച സിദ്ധിശോധകം നടത്തി.സിദ്ധിശോധനയും അതിന്റെ മൂല്യനിർണയവും ഈ പരിശീലനത്തിലെ മറ്റൊരു പ്രധാന ഘട്ടമായിരുന്നു. മാർക്കുകൾ നൽകുമ്പോൾ, മാർക്ക് കുറയാൻ കാരണമായ പിഴവുകൾ കുട്ടികൾക്ക് വ്യക്തമായി വിശദീകരിക്കാൻ ഞാൻ ശ്രദ്ധിച്ചു. ഇതിലൂടെ മൂല്യനിർണയം വെറും മാർക്ക് വിതരണം മാത്രമല്ല, പഠന മെച്ചപ്പെടുത്തലിന് സഹായിക്കുന്ന ഒരു പഠന പ്രക്രിയ ആണെന്ന ബോധ്യം കുട്ടികളിൽ വളർത്താൻ സാധിച്ചു. കുട്ടികൾ നൽകിയ പ്രതികരണങ്ങൾ, അവരുടെ ആത്മവിശ്വാസത്തെയും പഠന താൽപര്യത്തെയും എത്രമാത്രം സ്വാധീനിക്കുന്നുവെന്ന് വ്യക്തമാക്കിയിരുന്നു.
രണ്ടാംഘട്ട അധ്യാപന പരിശീലനത്തിന്റെ ഭാഗമായി തയ്യാറാക്കിയ 30 ദൈനംദിന പാഠാസൂത്രണങ്ങൾ പൂർണ്ണമായും നടപ്പാക്കാൻ എനിക്ക് സാധിച്ചു. ഓരോ ദിവസവും നടത്തിയ ആസൂത്രണം, പ്രവർത്തനം, പ്രതിഫലനം, ഉൾക്കാഴ്ച എന്നിവ എന്റെ അധ്യാപന സമീപനത്തെ കൂടുതൽ മെച്ചപ്പെടുത്തി. വിദ്യാർത്ഥി കേന്ദ്രീകൃത ബോധനരീതി, വ്യത്യസ്ത ബോധന ഉപകരണങ്ങൾ, സമയനിയന്ത്രണം, ക്ലാസ് മാനേജ്മെന്റ് തുടങ്ങിയ മേഖലകളിൽ ഈ പരിശീലനം എന്നെ കൂടുതൽ ആത്മവിശ്വാസമുള്ളതാക്കി.
പരിശീലനം അവസാനിക്കാനിരിക്കെ, കുട്ടികളോടുള്ള സ്നേഹവും നന്ദിയും പ്രകടിപ്പിക്കുന്നതിനായി ഉച്ചഭക്ഷണത്തിനുള്ള ചിക്കൻ കറി(22/1/2016 വ്യാഴം ) ഞങ്ങളുടെ സംഭാവനയായി നൽകാൻ സാധിച്ചതും ഈ കാലയളവിലെ ഒരു മനോഹരമായ ഓർമ്മയായി മാറി. പഠനത്തോടൊപ്പം മാനവിക മൂല്യങ്ങളും പങ്കുവെക്കാൻ കഴിഞ്ഞത് ഈ അധ്യാപന പരിശീലനത്തിന് ഒരു സമ്പൂർണ്ണത നൽകി.
മൊത്തത്തിൽ, രണ്ടാംഘട്ട അധ്യാപന പരിശീലനം എന്നെ ഒരു ഉത്തരവാദിത്തമുള്ള, ആത്മപരിശോധന ചെയ്യുന്ന, വിദ്യാർത്ഥി കേന്ദ്രിത അധ്യാപിക യായി വളരാൻ സഹായിച്ച ഒരു നിർണായക ഘട്ടമായി മാറി. ഈ അനുഭവങ്ങൾ ഭാവിയിലെ അധ്യാപന ജീവിതത്തിന് ഒരു ശക്തമായ അടിത്തറയായി മാറുമെന്നുറപ്പുണ്ട്.
അധ്യാപന പരിശീലനം അവസാനിച്ചപ്പോളും അതിലൂടെ നേടിയ അനുഭവങ്ങളും ഓർമ്മകളും അവസാനിക്കുന്നില്ല. ക്ലാസ് മുറിയിൽ ചെലവഴിച്ച ഓരോ ദിവസവും എന്നെ കൂടുതൽ ആത്മവിശ്വാസമുള്ളതും വിദ്യാർത്ഥികളെ മനസ്സിലാക്കുന്നവുമായ ഒരു അധ്യാപികയാക്കി മാറ്റി. പഠിപ്പിച്ചതിനേക്കാൾ അധികം ഞാൻ പഠിച്ച ദിവസങ്ങളായിരുന്നു ഇവ, ഭാവിയിലെ അധ്യാപന ജീവിതത്തിന് ഒരു ഉറച്ച അടിത്തറയായി ഈ പരിശീലനം മാറിയിരിക്കുന്നു.....
സ്കൂളിലെ അധ്യാപകരോടും വിദ്യാർത്ഥികളോടും മറ്റു ജീവനക്കാരോടും യാത്ര പറഞ്ഞ് ടീച്ചിംഗ് പ്രാക്ടീസിന്റെ അവസാന ദിവസമായ 23/1/2026 ൽ കടമ്പനാട് സെന്റ് തോമസ് എച്ച് എസ്സ് എസ്സ് സ്കൂളിൽ നിന്നും ഞാൻ പടിയിറങ്ങി. ഒരുപിടി നല്ല ഓർമ്മകളും അനുഭവങ്ങളും ഭാവിയിലെ അധ്യാപന ജീവിതത്തിനായുള്ള അടിത്തറയും പകർന്നു തന്ന ഈ സ്കൂൾ എന്നും എന്റെ ഹൃദയത്തിൽ ഉണ്ടാകും.
Comments
Post a Comment